Saturday, November 28, 2009

ജീര്‍ണ്ണം


ഉയര്‍ന്നുയരുന്ന തിരകള്‍
എന്റെ ബോധത്തില്‍ നിന്നും
ഹൃദയത്തിലേക്ക്‌
തകര്‍ത്തലയ്ക്കുന്നു....

ആ കടല്‍ക്കരയില്‍ വച്ച്‌
ഞാന്‍ ഞാനല്ലാതാകുന്നു...
ഞാന്‍ എന്റെ പ്രണയമായ്‌ മാറുന്നു...

എന്റെ ഹൃദയത്തിന്റെ
പകുതിയും നീ
തിന്നു കഴിഞ്ഞിരുന്നു..
എന്റെ പ്രണയത്തിന്റെ
മരണവും കാത്ത്‌
കടല്‍ക്കാക്കകള്‍
വട്ടമിട്ടു പറക്കുന്നു...

വീണ്ടുമൊരു
വലിയ തിര
അതെന്നെ എടുത്തെറിഞ്ഞു...
ഇപ്പോള്‍
ഞാനൊരു മരുഭൂമിയിലാണ്‌...
നീ പാതി തിന്ന്
മിടിപ്പു നിലച്ച
എന്റെ പ്രണയത്തിന്റെ ഹൃദയം
ഒരു കഴുകന്‍
കൊത്തി വലിക്കുന്നു...
മരണത്തോടടുത്ത
എന്റെ പ്രണയത്തിന്റെ നിലവിളി
മണല്‍ക്കാറ്റില്‍ ലയിക്കുന്നു....

വീണ്ടുമൊരു തിരയിറക്കം...
ഹൃദയത്തില്‍ നിന്നും
ബോധത്തിലേക്ക്‌...
ഇപ്പോള്‍
ഞാന്‍ ഞാനാണ്‌...
ഇപ്പോള്‍
എന്റെ പ്രണയത്തെ
ഞാന്‍ കാണുന്നു...
അത്‌ മരിച്ചിരിക്കുന്നു...
ചത്തു മലച്ച
എന്റെ പ്രണയത്തെ
കഴുകനും,കടല്‍ക്കാക്കയും
പട്ടികളും
വലിച്ചു കീറുന്നു...

ചത്തു മലച്ച
എന്റെ പ്രണയത്തെ
കഴുകനും,കടല്‍ക്കാക്കയും
പട്ടികളും
വലിച്ചു കീറുന്നു...

Monday, November 23, 2009

ചിതലരിക്കാത്ത പുസ്തകത്താളുകള്‍...


എഴുതണമെനിക്കിന്നീ
പ്രണയം എന്നൊരു വാക്ക്‌
വരികയില്ലതെ-
യൊരു വരിയെങ്കിലും...
പക്ഷേ നഷ്ട പ്രണയത്തിന്‍
തീക്കനല്‍ച്ചൂളയെന്‍
ഇടനെഞ്ചിന്‍ കോണിലായ്‌
അണയാതെയെരിയവേ...
മോഹത്തിന്‍ മുള്ളിനാല്‍
നീയെകിയാ വ്രണം
കരളിന്റെയുള്ളിലൊരു
മാറാത്ത നോവായി
കരിയാത്ത മുറിവായി
നീറിപ്പുകയവേ....
ശക്തിയില്ലെന്‍ തൂലികയ്ക്കിന്ന്
വഴിമാറിയെഴുതുവാന്‍....

ഒട്ടുമേ ചിതലരി-
ക്കാത്തൊരെന്‍ ഓര്‍മ്മതന്‍
പുസ്തകത്താളിതില്‍
മുഴുവനും ഭദ്രം...
വടിവൊത്ത ലിപികളാല്‍
നീയെഴുതി വച്ചൊരാ
വാക്കുകള്‍,ഓര്‍ത്തോര്‍ത്ത്‌
ഞാന്‍ നട്ട കവിതകള്‍...
നിന്നെയെന്നനുരാഗ
നായികയാക്കി ഞാന്‍
സ്വപ്നങ്ങള്‍ നെയ്തൊരാ
സന്ധ്യകള്‍,രാവുകള്‍..
മുഴുവനും ഭദ്രം...
മുഴുവനും ഭദ്രം...

നിന്‍കണ്ണില്‍ നിറയുന്ന
നീലക്കടലില്‍
നിന്‍ കവിളില്‍ വിരിയുന്ന
ശിശിരാര്‍ദ്ര സന്ധ്യയില്‍
നിന്റെ ചൊടിയിണയിലെ
ചുവപ്പിന്റെ ലഹരിയില്‍
നിന്റെ മൃദുവിരലുകളില്‍
നിന്റെ കാല്‍പ്പാടുകളില്‍
നിന്റെ കാര്‍കൂന്തലില്‍
നിന്റെ കളമൊഴികളില്‍
ലയിയ്ക്കാന്‍
അലസം അലിയാന്‍ കൊതിച്ചൊരാ
നാളുകള്‍,ശോകാര്‍ദ്ര രാവുകള്‍
നിറമാര്‍ന്ന സന്ധ്യകള്‍
നിനവിന്റെ നനവുകള്‍
മുഴുവനും ഭദ്രം...
മുഴുവനും ഭദ്രം...

ഒട്ടുമേ ചിതലരി-
ക്കാത്തൊരെന്‍ ഓര്‍മ്മതന്‍
പുസ്തകത്താളിതില്‍
മുഴുവനും ഭദ്രം...
മുഴുവനും ഭദ്രം...

Thursday, October 8, 2009

ഒരു പ്രണയം മരിക്കുമ്പോള്‍....

ഒരു പ്രണയം മരിക്കുമ്പോള്‍....
***********************
തളം കെട്ടിക്കിടക്കുന്ന
ചോരയില്‍
ഈച്ചകള്‍ വന്നിരിക്കുന്നു...
അവയ്ക്ക്‌ ചോരയിത്ര-
യ്ക്കിഷ്ടമാണോ എന്നെനിക്കറിയില്ല...
പക്ഷെ...
അതിനരികില്‍
ഉടഞ്ഞു വീണു കിടക്കുന്ന
ചില്ലുകഷ്ണങ്ങളില്‍
എന്തോ കത്തിത്തീരുന്നതിന്റെ
പ്രതിബിംബം...
അതെന്റെ മോഹങ്ങളാണ്‌...

ഉരുകിത്തീരുന്ന മഞ്ഞുകഷ്ണങ്ങള്‍
എന്റെയാത്മാവില്‍ ലയിക്കുമ്പോള്‍
അതിന്‌
തൊട്ടാല്‍ പൊള്ളുന്ന ചൂട്‌...
ആ ചൂടില്‍
എന്റെ യൗവനം
ഉരുകിത്തീരുമ്പോള്‍
നീ വെള്ള പൂശിയത്‌
എന്റെ ചങ്കിനുള്ളില്‍ വച്ച്‌
കക്ക നീറ്റിയെടുത്തായിരുന്നു...

കരിഞ്ഞു കത്തിപ്പോയ
എന്റെ കണ്ണുനീര്‍ത്തുള്ളിക്കിപ്പോള്‍
നിറം കറുപ്പാണ്‌...

എന്റെ പ്രണയം
ഇങ്ങനെ മരിച്ചു വീഴുമ്പോള്‍
നീ കരയരുത്‌...
നീയൊന്നു വിതുമ്പിയാല്‍
ആളിക്കത്തുന്ന
ചിതയില്‍ നിന്നു പോലും
എന്റെ പ്രണയം
പുനര്‍ജനിക്കും...
പാതി വെന്ത
കൈ കൊണ്ടെന്റെ പ്രണയം
നിന്റെ കണ്ണുനീര്‍
തുടച്ചു മാറ്റും...
പക്ഷെയില്ല...
നീ കരയില്ലെന്നെനിക്കറിയാം...
അന്നു നീയൊന്നു
കണ്‍ നിറച്ചിരുന്നെങ്കില്‍
എന്റെ പ്രണയം
മരിക്കില്ലായിരുന്നു....

ഹൃദയത്തിനുള്ളില്‍
ഒരു ഭാംസുരിയുടെ നാദം....
ഹിന്ദുസ്ഥാനി സംഗീതത്തില്‍
പേരറിയാത്ത
ഏതോ ഒരു രാഗം മുഴങ്ങുന്നു....
ചുണ്ടില്‍ നിന്നുയരുന്ന
പുകച്ചുരുളുകള്‍ക്ക്‌ മുകളിലൂടെ
പറന്നുയരാന്‍
എനിക്ക്‌
ചിറകുകളുണ്ടായിരുന്നില്ല...
മനസ്സിലെ
പെയ്തു തോരാത്ത മഴയില്‍
ഞാന്‍ നനഞ്ഞൊലിച്ച്‌
നില്‍ക്കുകയാണ്‌...
ഇപ്പോള്‍
എന്റെ ഹൃദയത്തെ ഞാന്‍
പ്രണയിക്കുന്നു...
നിന്നെ ഞാന്‍ പ്രണയിക്കുന്നു...
ഇപ്പോളെനിക്കു പറക്കാം...
പക്ഷേ
ഞാനൂതിവിട്ട പുകച്ചുരുളുകള്‍
എന്നേക്കാള്‍ മുകളില്‍
പറക്കുന്നു....
ഭാംസുരി നിലച്ചു...
നിന്റെ കറുത്ത
നിഴല്‍ മാത്രം അവശേഷിപ്പിച്ച്‌
നിഴലില്ലാതെ നീയകലുകയാണ്‌...
പുകച്ചുരുളുകള്‍ക്കും മീതേ....

Thursday, August 6, 2009

ദേവദാസി

അവള്‍ ദേവദാസി...
ഇന്ദ്ര സദസ്സിനു
മുന്‍പിലായെന്നെന്നും
ആര്‍ത്തു നൃത്തം ചെയ്യും
ദേവദാസി...

ജീവനും
ജീവിതപ്പാതയില്‍ വീണൊരീ
ചില്ലുകഷ്ണങ്ങളും
പകല്‍ മാന്യ ലോകവും
കുത്തിമുറിവേല്‍പ്പിച്ച
ദേവദാസി...

കാമക്കിരാതരീ ഭ്രാന്തര്‍ക്കു മുന്നിലായ്‌
ഉടയാത്ത യൗവനം
ആടിത്തിമിര്‍ത്തവള്‍
ദേവദാസി...

അധികാര വര്‍ഗ്ഗവും
കാട്ടാള വര്‍ഗ്ഗവും
നീതിതന്‍ പാലകരായൊരീ മാന്യരും
എത്ര കയറിയിറങ്ങിപ്പോയ്‌
എന്നിട്ടും
തളരാതെ നിന്നവള്‍
ദേവദാസി....

പഴകിപ്പതിഞ്ഞൊരാ
തകരത്തെയേവരും
റോട്ടിലെറിഞ്ഞു കളഞ്ഞൊരാ
നേരത്തും
കൈവിട്ടു പോകാതെ
തന്റെയാ കുഞ്ഞിനെ
മാറോടു ചെര്‍ത്തവള്‍
ദേവദാസി...

നോട്ടുകെട്ടുകള്‍ പെയ്ത
രാത്രികളില്‍ നിന്നിന്ന്
തന്മുന്നില്‍ വീഴുന്ന
ചില്ലറത്തുട്ടുകള്‍
നോക്കിയിരുന്നിട്ടും
ഭ്രാന്തിയാവാത്തവള്‍
ദേവദാസി....
കണ്ണീര്‍ പൊഴിക്കാത്തവള്‍
ദേവദാസി...

Wednesday, August 5, 2009

ദേശാടനപ്പക്ഷി

പുലര്‍കാലേ നീ കണ്ട സ്വപ്നത്തില്‍
നിന്നെത്തഴുകിയ മയില്‍പ്പീലിക്ക്‌
ഏഴു നിറങ്ങളായിരുന്നു...

വസന്തം മലര്‍ വിരിച്ച വഴിത്താരയില്‍
നീ ചവിട്ടി ഞെരിച്ച കുഞ്ഞു പൂക്കള്‍ക്ക്‌
എന്റെ ഗന്ധമായിരുന്നു....

കരയുന്ന ദേശാടനപ്പക്ഷിയെ-
ക്കണ്ടു നീ ചിരിച്ചപ്പോള്‍
മൂകം വിതുംബിക്കരഞ്ഞത്‌
എന്റെ ഹൃദയമായിരുന്നു......

സൂര്യന്‍..

ഹൃദയത്തിന്റെ
ചുവന്ന സന്ധ്യാ ചക്രവാളത്തിനുമൂറം
സൂര്യനുണ്ടായിരുന്നില്ല....

പരതി ഞാനെന്റെ സൂര്യനെ
അടി മുതല്‍ മുടി വരെ...
പരതി ഞാനെന്റെ സൂര്യനെ
തല മുതല്‍ കാല്‍ വരെ....

കണ്ടെത്തി ഞാനെന്റെ സൂര്യനെ
കരളിന്റെ വീഥികളിലെല്ലാം
അമൃതം തെളിച്ചും പൊഴിച്ചും..
നിന്നെ വരവേറ്റ്‌....
നിന്റെ വീഥികളിലെല്ലാം
പൂക്കള്‍ വിരിച്ച്‌...
നിന്റെ കാന്തിയാല്‍ ലജ്ജിതനായി..
പിന്നെ നിന്‍ മുന്നില്‍
തലകുനിച്ചെന്റെ സൂര്യനും
എന്റെ കരളും...
പിന്നെയീ ഞാനും.....

മതില്‍


നീ നിന്റെ ഹൃദയം കൊണ്ട്‌
നമുക്കിടയിലൊരു
മരമതിലു പണിതുയര്‍ത്തി...

പക്ഷേ
രക്തമൊഴുകുന്ന
വഴികളിലെവിടെയോ വച്ച്‌
എന്റെ വേദന
നിന്റെ ഹൃദയത്തിന്റെ
മാംസളതയില്‍ തട്ടിയിരിക്കാം...

എന്റെ ധമനികളില്‍ നിന്നും
നിന്റെ ഹൃദയത്തിലേക്ക്‌
ഞാനെന്റെ ജീവ രക്തം
ഊറ്റി നല്‍കിയതു കൊണ്ടാണ്‌
ഇന്നെനിക്ക്‌ ഹൃദയം
നഷ്ടമായത്‌...

ആ രക്തം മുഴുവനൂറ്റിയെടുത്ത്‌
നീ തീര്‍ത്തൊരാ മതിലിന്‌
ഇപ്പോള്‍
ഉയരം കൂടിയിരിക്കുന്നു....
ഇപ്പോളെന്റെ
നിഴലിന്റെ ഹൃദയം പോലും
ആ മതിലില്‍ത്തട്ടി
തകര്‍ന്നു വീഴുന്നു....

Friday, July 31, 2009

കോമാളി


ഒരിക്കല്‍
നീയെന്റെ ഹൃദയത്തിനുള്ളിലേക്ക്‌
നിന്റെ കൈവിരലാഴ്ത്തിയിറക്കി
പരിതപിച്ചു....
നിന്റെ വിരലുകള്‍
ചുവന്നു പോയെന്നും പറഞ്ഞ്‌....

ഒരിക്കല്‍
നീയെന്നിലെ പ്രണയാഗ്നി
കെടുത്തിയണച്ചിട്ടു പറഞ്ഞു
നിന്റെ കുറച്ച്‌
കണ്ണുനീര്‍ നഷ്ടമായെന്ന്...

ഒരിക്കല്‍
നീയെന്റെ കരളില്‍ വച്ച്‌
എന്റെ പ്രതീക്ഷകളെ
കത്തിച്ച്‌ ദഹിപ്പിച്ചിട്ട്‌ പറഞ്ഞു
നിന്റെ കൈവിരല്‍ പൊള്ളിയെന്ന്....

ഒരിക്കല്‍
നാം കൈകോര്‍ത്ത്‌ നടക്കാന്‍
ഏറെ കൊതിച്ച
ഇടവഴികളില്‍ വച്ച്‌
നീയെന്റെ ചുണ്ടുകള്‍
കടിച്ചു പറിച്ചെടുത്തു
എന്നിട്ട്‌ പറഞ്ഞു
അതു നിന്റെ
ചുമ്പനമായിരുന്നു എന്ന്....

ഒരിക്കല്‍
ഒരിരുമ്പുദണ്ടു കൊണ്ട്‌
എന്റെ പ്രണയത്തെ തല്ലിക്കൊന്ന്
കഴുമരത്തിലേറ്റി
നീ പറഞ്ഞു
എന്റെ പ്രണയത്തിന്റെ
തടവറയില്‍ നിന്ന്
നീ മൊചിതയായെന്ന്....

ഒടുവില്‍
നാളൊട്ടു കഴിഞ്ഞ്‌
വിട പറഞ്ഞകലുമ്പോള്‍
നീ പറഞ്ഞു...
ചത്ത പ്രണയത്തിന്റെ
അളിഞ്ഞ ദുര്‍ഗന്ധം
നിനക്ക്‌
അസഹ്യമാണെന്ന്....


Sunday, July 26, 2009

ഹൃദയരക്തം

നീ കുത്തി മുറിവേല്‍പ്പിച്ചി-
പ്പോളെന്റെ ഹൃദയരക്തവും
വാര്‍ന്നൊലിപ്പിച്ചിന്നു ഞാന്‍
നിന്‍ മുമ്പില്‍ പിടഞ്ഞ്‌ വീഴവേ....
ഒന്നെന്നെ നീ നോക്കിയിരുന്നു-
വെങ്കിലെന്റെ വേദന കണ്ടെങ്കിലു-
മൊന്നെന്നെ നോക്കി നീ
പുഞ്ചിരിച്ചിരുന്നുവെങ്കില്‍...
നിന്‍ കരങ്ങളാലെന്‍ കഴുത്തു
ഞെരിച്ചമര്‍ത്തീടിലും....
എന്റെ കറുത്ത രക്തത്താല്‍
നിന്‍ നാമവും മണ്ണിലെഴുതി
സന്തോഷത്തോടെ നിന്‍ കാല്‍ച്ചുവട്ടില്‍
ഞാന്‍ മരിച്ചുവീഴുമായിരുന്നു...

Saturday, July 25, 2009

ഹൃദയത്തിന്റെ നിറം

ഇപ്പൊഴെന്റെ ഹൃദയത്തിന്റെ നിറം
എനിക്ക്‌ തിരിച്ചറിയാതായിരിക്കുന്നു...
ആ ചുവപ്പു നിറം മുഴുവനും
നീ ഊറ്റിയെടുത്ത്‌ വറ്റിച്ചിരിക്കുന്നു....

ഇപ്പോഴതിനൊരു ചാര നിറമാണ്‌.....
രക്തമില്ലാത്ത...
പ്രതീക്ഷയില്ലാത്ത....
മോഹമില്ലാത്ത...
സ്വപ്നമില്ലാത്ത....
ഇരുണ്ട ചാരനിറം.....

പക്ഷേ...
ചുവപ്പൂറ്റിയെടുക്കാനായി
നീയെന്റെ ഹൃദയം
നിന്റെ കൈവെള്ളയ്ക്കുള്ളില്‍ വച്ച്‌
ഞെരിച്ചമര്‍ത്തിയപ്പോള്‍....
അന്നെന്റെ ഹൃദയത്തിനേറ്റ
വ്രണങ്ങള്‍ക്കു മാത്രം
ഇന്നും ചുവപ്പു നിറമാണ്‌...
നഷ്ട സ്വപ്നങ്ങളുടെ
കറുപ്പു കലര്‍ന്ന ചുവപ്പു നിറം.....

Wednesday, July 15, 2009

ഒരു ഭ്രാന്തന്റെ സ്വപ്നം...


ഒരിക്കല്‍ നാമൊന്നിച്ചു പോകും
ആ വിജനമാം ഒരു കുഞ്ഞു
കുടില്‍ മാത്രമുള്ളൊരാ
പുല്‍മേട്ടില്‍....
അന്നവിടെ നമ്മള്‍
കുതിച്ചൊഴുകുന്നൊരാ
പുഴ നോക്കി നില്‍ക്കവേ
കാറ്റതി ശക്തമായ്‌ വീശും,
പിന്നവിടെ
മഴയോ തകര്‍ത്തങ്ങു പെയ്യും...
മിന്നലുകള്‍ മാനത്ത്‌
ആഘോഷമാടുമ്പോള്‍
നമ്മള്‍ കൈകോര്‍ത്ത്‌
പറന്നു നടക്കും...
അന്നീ ലോകത്തിലേവരുമൊന്നിച്ച്‌
നമ്മള്‍ക്ക്‌ മംഗളം പാടും......

പറന്നു തളര്‍ന്നു നാം
കുടിലിലേക്കെത്തുമ്പോള്‍
അപ്സര കന്യകള്‍ നമ്മെ വരവേല്‍ക്കും....
ഒടുവിലാ കുടിലില്‍ നാം
മാത്രമായ്‌ മാറുമ്പോള്‍
ഒരു വിടപറച്ചിലോടെ
നീയെന്റെ ഹൃദയവും
പറിച്ചെടുത്ത്‌
നിറയാത്ത കണ്ണുകളോടേ
നദിയിലേക്കൂളിയിട്ടെങ്ങോ
മാഞ്ഞു പോകും....

എങ്കിലുമപ്പോഴും
ഞാനാ കുടിലില്‍
നിന്നെയും കാത്തിരിക്കും
ഒരുസ്വപ്നത്തിലെങ്കിലും
നീയെന്റെ ഹൃദയവുമായ്‌
വന്നിരുന്നെങ്കില്‍.....
നീയെന്റെ ഹൃദയവുമായ്‌
വന്നിരുന്നെങ്കില്‍.....

Tuesday, July 14, 2009

മഴയില്‍....

തോരാത്ത മഴയില്‍
വിതുംബുന്ന കണ്ണുകളൊടെ
ഞാന്‍ നില്‍ക്കുംബൊള്‍
അകലെയൊരു മിന്നായം പൊലെ
മിന്നി മാഞ്ഞതു നിന്റെ രൂപമായിരുന്നു
പക്ഷേ നീ കരഞ്ഞിരുന്നില്ല
ആ കണ്ണുകള്‍ ചിരിച്ചിരുന്നോ എന്നെനിക്കറിയില്ല
പക്ഷേ അവ കരയുകയയിരുന്നില്ലെന്നുറപ്പ്‌

എന്റെ ഹൃദയ വേദനയില്‍ തട്ടി
കണ്ണുനീരില്‍ കുതിര്‍ന്ന്‌
നിലത്തൂര്‍ന്നു വീണ
മഴത്തുള്ളികളേറ്റ്‌
ഈ ഭൂമി പോലും കരയുന്നുണ്ടായിരുന്നു
പക്ഷേ നീ മാത്രം........

എങ്കിലും
ചിതലരിക്കാത്ത
ഓര്‍മ്മയുടെ പുസ്തകത്താളുകളില്‍
എല്ലാം ഭദ്രം........

വടിവൊത്ത അക്ഷരങ്ങളാല്‍
നീ എഴുതി വച്ച വാക്കുകള്‍...
നിന്നെയോര്‍ത്ത്‌
എഴുതി നിറച്ച കവിതകള്‍
എല്ലാം......എല്ലാം ഭദ്രം....

എന്റെ പ്രണയമേ....

ഹൃത്തിലെ നിശ്ശബ്ദ മരുഭൂവിലൊരു
ചുഡലയില്‍ എരിഞ്ഞമര്‍ന്നീടുമെന്‍
മോഹങ്ങള്‍ സാക്ഷി
ഞാന്‍ പ്രണയിച്ചിരുന്നു നിന്നേ...

ശലഭ മൃദു വിഹഗങ്ങള്‍ വിഹരിച്ചിരുന്നൊരാ
വനികയതിലുയരുന്ന
ഗാനങ്ങള്‍ സാക്ഷി
ഞാന്‍ പ്രണയിച്ചിരുന്നു നിന്നേ....


അര നിമിഷ നേരമതില്‍ കരയെ കുളിപ്പിച്ച
നഗ്നമാം കരയിലെക്കാഞ്ഞു കുതിച്ചൊരാ
കടലലകള്‍ സാക്ഷി
ഞാന്‍ പ്രണയിച്ചിരുന്നു നിന്നേ.

കോമരം തുള്ളുന്ന അംബല മുറ്റത്തെ
ആല്‍ത്തറയിലെരിയുന്ന
ദീപങ്ങള്‍ സാക്ഷി
ഞാന്‍ പ്രണയിച്ചിരുന്നു നിന്നേ....

Monday, July 13, 2009

എന്റെ ഡയറി


എഴുതണമെന്നുണ്ട്‌
ഈ പ്രണയം എന്നൊരു വാക്കില്ലതെ
ഒരു വരിയെങ്കിലും എന്റെ ഡയറിയില്‍...
പക്ഷേ
നഷ്ട പ്രണയത്തിന്റെ തീക്കനല്‍ച്ചൂളയെന്‍
ഇടനെഞ്ചിന്‍ കോണില്‍
അണയാതെയെരിയവേ...
മോഹത്തിന്‍ മുള്ളിനാല്‍
നീയെകിയാ വ്രണമെന്‍ കരളില്‍
മാറാവേദനയായ്‌ കരിയാതെ നീറവേ...
ശക്തിയില്ലെന്‍ തൂലികയ്ക്കിന്ന്
വഴിമാറിയെഴുതുവാന്‍....

അല്ലെങ്കിലും..
നിന്നെ വര്‍ണ്ണിച്ചു പാടാന്‍
വാക്കുകളെനിക്കു നഷ്ടമായ
നിമിഷത്തിലല്ലേ ഞാന്‍
കവിയയി മാറിയത്‌...
നിന്നെയെന്നനുരാഗ
നായികയാക്കിയ
കവിതകളിലല്ലേ ഞാന്‍
ജീവിച്ചിരുന്നത്‌....


ക്രൂശിതന്റെ കവിതകള്‍..


ചൂടേറ്റു കരിയുന്ന യൗവന തീക്ഷ്ണയ്ക്കും,
കരയാതെ വിതുമ്പുന്ന
പ്രണയ മോഹങ്ങള്‍ക്കും,
ചപലമാം വിഫല സ്വപ്നങ്ങള്‍ക്കും,
കരിന്തിരി കത്തിത്തുടങ്ങി-
യോരെന്റെ പ്രതീക്ഷകള്‍ക്കും,
മാര്‍ഗ്ഗമോ ലക്ഷ്യമോ എന്തെന്നറിയാതേ
ഞാന്‍ തുടര്‍ന്നീടുമീ ജീവിതയാത്രയ്ക്കും,
ഇടയില്‍ ഞെരുങ്ങി ചലിക്കുവാനാകാതെ...
മോഹങ്ങള്‍ ത്യജിക്കുവാനാകാതെ..
വേദനയില്‍ ചിരിക്കുവാനാകാതെ...
സ്വപ്നങ്ങളെ കീഴടക്കുവാനാകാതെ...
ഞാന്‍...
ക്രൂശിതന്‍....

എന്നെക്കുറിച്ച്‌ അറിയാനായി....

Followers