അവള്‍ ദേവദാസി...
ഇന്ദ്ര സദസ്സിനു
മുന്‍പിലായെന്നെന്നും
ആര്‍ത്തു നൃത്തം ചെയ്യും
ദേവദാസി...
ജീവനും
ജീവിതപ്പാതയില്‍ വീണൊരീ
ചില്ലുകഷ്ണങ്ങളും
പകല്‍ മാന്യ ലോകവും
കുത്തിമുറിവേല്‍പ്പിച്ച
ദേവദാസി...
കാമക്കിരാതരീ ഭ്രാന്തര്‍ക്കു മുന്നിലായ്
ഉടയാത്ത യൗവനം
ആടിത്തിമിര്‍ത്തവള്‍
ദേവദാസി...
അധികാര വര്‍ഗ്ഗവും
കാട്ടാള വര്‍ഗ്ഗവും
നീതിതന്‍ പാലകരായൊരീ മാന്യരും
എത്ര കയറിയിറങ്ങിപ്പോയ്
എന്നിട്ടും
തളരാതെ നിന്നവള്‍
ദേവദാസി....
പഴകിപ്പതിഞ്ഞൊരാ
തകരത്തെയേവരും
റോട്ടിലെറിഞ്ഞു കളഞ്ഞൊരാ
നേരത്തും
കൈവിട്ടു പോകാതെ
തന്റെയാ കുഞ്ഞിനെ
മാറോടു ചെര്‍ത്തവള്‍
ദേവദാസി...
നോട്ടുകെട്ടുകള്‍ പെയ്ത
രാത്രികളില്‍ നിന്നിന്ന്
തന്മുന്നില്‍ വീഴുന്ന
ചില്ലറത്തുട്ടുകള്‍
നോക്കിയിരുന്നിട്ടും
ഭ്രാന്തിയാവാത്തവള്‍
ദേവദാസി....
കണ്ണീര്‍ പൊഴിക്കാത്തവള്‍
ദേവദാസി...
പുലര്‍കാലേ നീ കണ്ട സ്വപ്നത്തില്‍
നിന്നെത്തഴുകിയ മയില്‍പ്പീലിക്ക്
ഏഴു നിറങ്ങളായിരുന്നു...
വസന്തം മലര്‍ വിരിച്ച വഴിത്താരയില്‍
നീ ചവിട്ടി ഞെരിച്ച കുഞ്ഞു പൂക്കള്‍ക്ക്
എന്റെ ഗന്ധമായിരുന്നു....
കരയുന്ന ദേശാടനപ്പക്ഷിയെ-
ക്കണ്ടു നീ ചിരിച്ചപ്പോള്‍
മൂകം വിതുംബിക്കരഞ്ഞത്
എന്റെ ഹൃദയമായിരുന്നു......
ഹൃദയത്തിന്റെ
ചുവന്ന സന്ധ്യാ ചക്രവാളത്തിനുമൂറം
സൂര്യനുണ്ടായിരുന്നില്ല....
പരതി ഞാനെന്റെ സൂര്യനെ
അടി മുതല്‍ മുടി വരെ...
പരതി ഞാനെന്റെ സൂര്യനെ
തല മുതല്‍ കാല്‍ വരെ....
കണ്ടെത്തി ഞാനെന്റെ സൂര്യനെ
കരളിന്റെ വീഥികളിലെല്ലാം
അമൃതം തെളിച്ചും പൊഴിച്ചും..
നിന്നെ വരവേറ്റ്....
നിന്റെ വീഥികളിലെല്ലാം
പൂക്കള്‍ വിരിച്ച്...
നിന്റെ കാന്തിയാല്‍ ലജ്ജിതനായി..
പിന്നെ നിന്‍ മുന്നില്‍
തലകുനിച്ചെന്റെ സൂര്യനും
എന്റെ കരളും...
പിന്നെയീ ഞാനും.....
നീ നിന്റെ ഹൃദയം കൊണ്ട്
നമുക്കിടയിലൊരു
മരമതിലു പണിതുയര്‍ത്തി...
പക്ഷേ
രക്തമൊഴുകുന്ന
വഴികളിലെവിടെയോ വച്ച്
എന്റെ വേദന
നിന്റെ ഹൃദയത്തിന്റെ
മാംസളതയില്‍ തട്ടിയിരിക്കാം...
എന്റെ ധമനികളില്‍ നിന്നും
നിന്റെ ഹൃദയത്തിലേക്ക്
ഞാനെന്റെ ജീവ രക്തം
ഊറ്റി നല്‍കിയതു കൊണ്ടാണ്
ഇന്നെനിക്ക് ഹൃദയം
നഷ്ടമായത്...
ആ രക്തം മുഴുവനൂറ്റിയെടുത്ത്
നീ തീര്‍ത്തൊരാ മതിലിന്
ഇപ്പോള്‍
ഉയരം കൂടിയിരിക്കുന്നു....
ഇപ്പോളെന്റെ
നിഴലിന്റെ ഹൃദയം പോലും
ആ മതിലില്‍ത്തട്ടി
തകര്‍ന്നു വീഴുന്നു....